ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണ നേട്ടം ആഘോഷിച്ച് വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്.
ഫൈനലിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ചേർന്ന് ഉയർത്തിയ 73 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ തന്റെ 23ആം അർധ സെഞ്ചുറിക്ക് കുറച്ചകലെയായി മന്ദാനയുടെ വിക്കറ്റ് കൂടി വീണതോടെ ടീം വീണ്ടും പ്രതിരോധത്തിലായി. ഒരുവശത്ത് വിക്കറ്റുകൾ തുരുതുരാ വീണ് കൊണ്ടിരിക്കെ മറ്റൊരത്ത് ഒറ്റയാൾ പോരാട്ടം നയിച്ചുകൊണ്ട് ജമീമ റോഡ്രിഗസ് ഉണ്ടായിരുന്നു.
രണ്ടാം ഇന്നിംഗ്‌സിൽ ശ്രീലങ്കയുടെ മുൻനിര വിക്കറ്റുകൾ തുടക്കത്തിലേ വീഴ്ത്തി ഇന്ത്യ മുൻതൂക്കം നേടി. ഓപ്പണർമാരായ ചമാരി അത്തപത്തുവിനേയും അനുഷ്‌ക സഞ്ജീവനിയെയും പുറത്താക്കി ടിറ്റാസ് സാധു ന്യൂബോൾ വൈദഗ്ധ്യം പ്രകടമാക്കിയപ്പോൾ ശ്രീലങ്ക 4.2 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിൽ 14 എന്ന നിലയിലായി. 22 പന്തിൽ 25 റൺസെടുത്ത പെരേര രാജേശ്വരി ഗയക്‌വാദും, 34 പന്തിൽ 23 റൺസ് നേടിയ ഡി സിൽവയെ പൂജ വസ്ത്രകറും പുത്താക്കിയതോടെ ഇന്ത്യ ഏതാണ്ട് ജയമുറപ്പിച്ചു. ഒടുവിൽ 19 റൺസ് ജയവുമായി ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് സ്വർണം.