പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിമാലയന്‍ മേഖലയില്‍ നിര്‍മ്മിച്ച മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുലിന് നന്ദിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ പോസ്റ്റ്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലഡാക്ക് യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ഗാന്ധി തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രതികരണം. 2012ല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുണ്ടായിരുന്ന കാലത്തെ റോഡുകളെന്ന് അവകാശപ്പെടുന്ന വീഡിയോയും രാഹുലിന്റെ പുതിയ വീഡിയോയും താരതമ്യം ചെയ്താണ് കേന്ദ്രമന്ത്രിയുടെ പോസ്റ്റ്. ആദ്യ വീഡിയോയില്‍ ലഡാക്കിലെ പാങ്കോങ് ത്സോയിലേക്കുള്ള വഴിയില്‍ കല്ലുകളും പാറകളും നിറഞ്ഞ ഒരു താല്‍ക്കാലിക റോഡിലൂടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കാണാം.
”നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍മ്മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി. കശ്മീര്‍ താഴ്വരയില്‍ വിനോദസഞ്ചാരം എങ്ങനെ കുതിച്ചുയരുന്നുവെന്ന് നേരത്തെയും രാഹുല്‍ ഗാന്ധി കാണിച്ചുതന്നിട്ടുണ്ട്. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഇപ്പോള്‍ സമാധാനപരമായി ദേശീയ പതാക ഉയര്‍ത്താം’, മന്ത്രി ട്വീറ്റിലൂടെ ഓര്‍മിപ്പിച്ചു.
ലഡാക്കില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി പാങ്കോങ് തടാകത്തിലെത്തിയിരുന്നു. പിതാവും അന്തരിച്ച മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ഇന്ന് തടാകത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ബൈക്കിലാണ് രാഹുല്‍ ലഡാക്കിലെത്തിയത്. ബൈക്ക് യാത്രയുടെ 10 ചിത്രങ്ങള്‍ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍-കാര്‍ഗില്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് രാഹുലിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
രാഹുല്‍ ഗാന്ധി ഇപ്പോള്‍ ലഡാക്ക് പര്യടനത്തിലാണ്. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരില്‍ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ഈ പ്രദേശം കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു. ഇതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പര്യടനമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ലേയില്‍ എത്തിയ രാഹുല്‍ പിന്നീട് പാംഗോങ് തടാകം, നുബ്ര വാലി, കാര്‍ഗില്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ നാല് ദിവസം കൂടി തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം അടുത്തയാഴ്ച കാര്‍ഗില്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.