ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്നിമാരുമായുള്ള ലാസ്യ നൃത്തരംഗം തന്മയത്വത്തോടെ വേദിയിൽ നിറഞ്ഞാടി ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ഒരുമണിക്കൂർ ദൈർഘ്യമുള്ള ശൃംഗാരപദം ആടിത്തീർന്നപ്പോൾ സദസ്സിൽ നിറഞ്ഞ കൈയടി. ഉത്തരനായി കലാമണ്ഡലം വൈശാഖും രണ്ടാമത്തെ പത്നിയായി കലാമണ്ഡലം വിഷ്ണുവുമാണ് ഒപ്പം അരങ്ങിലെത്തിയത്.
ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ സ്ക്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സ്റ്റഡൻസ് കഥകളി ക്ലബ്ബിന്റ ഉദ്ഘാടനത്തിനാണ് കളക്ടർ കഥകളി അവതരിപ്പിച്ച് കാണികളുടെ കൈയടി നേടിയത്. പത്തനംതിട്ട മാർത്തോമ സ്കൂൾ അങ്കണത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വേദി ഒരുങ്ങിയത്. ആദ്യ ഘട്ടം എന്ന നിലയിൽ 10 സ്ക്കുളുകളിലാണ് സ്റ്റുഡൻസ് കഥകളി ക്ലബ് ആരംഭിച്ചത്. കഥകളി സാഹിത്യ പരിചയം, മുദ്രാ പരിശീലനം, താളപരിചയം, മുഖത്തെഴുത്ത് പരിശീലനം, കണ്ണു ചുവപ്പിക്കുന്ന രീതി എന്നീ വിഷയങ്ങളെപ്പറ്റി വിദ്യാർത്ഥികൾക്ക് കഥകളി ക്ലബ്ലിൽ പരിശീലനം നൽകും.
ഏറെ പരിശീലനം ആവശ്യമുള്ള കഥകളി എന്ന കലാരൂപത്തെ ചുരുങ്ങിയ നാളുകൾ കൊണ്ടാണ് കളക്ടർ അഭ്യസിച്ചത്. നേരത്തെ ഭരതനാട്യം കുച്ചുപുഡി , എന്നിവ അഭ്യസിച്ചിട്ടുള്ള ദിവ്യ എസ് അയ്യർ ജന്മസിദ്ധമായ കഴിവു കൊണ്ടാണ് ചെറിയ കാലത്തെ പരിശീലനത്തിലുടെ ഉത്തരന്റ പത്നിയെ അവിസ്മരണീയമാക്കാൻ ദിവ്യാ എസ് അയ്യർക്ക് കഴിഞ്ഞതെന്നാണ് കഥകളി കലാകാരൻമാരുടെയും ആസ്വാദകരും പറയുന്നത് .