കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അശോക് കുമാറിനെ ഇന്നാണ് കൊച്ചിയിൽ നിന്നും ഇഡി കസ്റ്റഡിയിൽ എടുത്തത്. മന്ത്രിയെ അന്വേഷിച്ച അതേ ഇഡി സംഘം തന്നെയാണ് ബാലാജിയുടെ സഹോദരനെയും അറസ്റ്റ് ചെയ്തത്. അന്വേഷണ ഏജൻസി അയച്ച പല സമൻസുകളും മന്ത്രിയുടെ സഹോദരൻ ഒഴിവാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കേരളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയും ബന്ധുക്കളും സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനും നിരവധി റൗണ്ട് റെയ്ഡുകൾക്കും ശേഷം ഓഗസ്റ്റ് 10 ന് അശോകിന്റെ ഭാര്യ നിർമലയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിഎംകെ എംഎൽഎയ്‌ക്കെതിരെ 3000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഏജൻസി സമർപ്പിച്ചത്. അതേസമയം കുറ്റപത്രത്തിൽ ഇതുവരെ സെന്തിൽ ബാലാജിയുടെ പേര് മാത്രമാണുള്ളത്. ശനിയാഴ്ച (ഓഗസ്റ്റ് 12) കേന്ദ്ര അന്വേഷണ ഏജൻസിയുടെ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം സെന്തിൽ ബാലാജിയെ ഓഗസ്റ്റ് 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് 7 ന്, സെന്തിൽ ബാലാജിയുടെ മോചനത്തിനായി സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു.
എഐഎഡിഎംകെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കെ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജൂൺ 14 നാണ് സെന്തിൽ ബാലാജി അറസ്റ്റിലായത്. ജോലി നൽകാമെന്ന് പറഞ്ഞ് വാങ്ങിയ കള്ളപ്പണം വെളുപ്പിക്കാൻ നടത്തിയ കേസിന്റെ അടിസ്ഥാനത്തിലാണ് സെന്തിൽ ബാലാജിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.