മണിപ്പൂരിലേക്കുള്ള അനധികൃത കുടിയേറ്റത്തെയും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെയും നേരിടാന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള നടപടികള്‍ വേണമെന്ന് എന്‍പിപി എംപി എം രാമേശ്വര്‍ സിംഗ്. അനധികൃത കുടിയേറ്റക്കാരും തീവ്രവാദികളും അതിർത്തി കടന്നെത്തുന്നതായി ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയിൽനിന്നും വ്യക്തമാണ്, കലാപത്തിൽ പുറമെനിന്നുള്ള ഇടപെടൽ ഉണ്ടെന്ന കാര്യം ഉറപ്പാണ്, ദേശസുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണിത്, മണിപ്പുരിനെ മാത്രമല്ല, രാജ്യത്തെയാകെ സംരക്ഷിക്കേണ്ടതുണ്ട്, പ്രശ്ന പരിഹാരത്തിനായി സർജിക്കൽ സ്ട്രൈക്ക് പോലെ ഫലപ്രദമായ നടപടി സ്വീകരിക്കണംഎന്നും രാമേശ്വര്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ജൂലൈയില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 700 അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് പ്രവേശിച്ചതായി സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അക്രമം രൂക്ഷമായ ജൂലൈ 22, 23 തീയതികളില്‍ 301 കുട്ടികള്‍ ഉള്‍പ്പെടെ 718 അനധികൃത കുടിയേറ്റക്കാര്‍ മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലേക്ക് കടന്നതായി ആഭ്യന്തര വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. ബയോമെട്രിക് വിവരശേഖരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാന്‍ മണിപ്പൂര്‍, മിസോറാം സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി 150 ലധികം പേരുടെ ജീവനെടുത്ത വംശീയ കലാപത്തിന് സാക്ഷ്യം വഹിക്കുന്ന മണിപ്പൂരില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് എന്‍പിപി. മെയ് 3 മുതല്‍ മണിപ്പൂര്‍ വംശീയ കലാപത്തിലൂടെയാണ് കടന്നുപോകുന്നത്. കുന്നുകളില്‍ ഭൂരിപക്ഷമുള്ള കുക്കി ഗോത്രത്തിനും താഴ്വരയില്‍ ഭൂരിപക്ഷമുള്ള മെയ്‌തേയികള്‍ക്കും ഇടയിലാണ് സംഘര്‍ഷം.