മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. റിവ്യൂ പെറ്റീഷന്‍ ഹൈക്കോടതി തന്നെ തള്ളിയതാണെന്നും പിന്നെന്ത് പ്രസക്തിയെന്നും ലോകായുക്ത മൂന്നംഗ ബെഞ്ച് ചോദിച്ചു. ആര്‍എസ് ശശികുമാറിന്റെ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍പെടുന്നതാണോയെന്ന് പരിശോധിക്കണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. ഇത് നേരത്തെ ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ച് തീര്‍പ്പാക്കിയതാണെന്നും അത് കൊണ്ട് ഇനി പരിശോധന വേണ്ടെന്നുമായിരുന്നു ഇടക്കാല ഹര്‍ജി. ഈ ഹര്‍ജിയാണിപ്പോള്‍ തള്ളിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നല്‍കിയെന്നാണ് ആര്‍.എസ്.ശശികുമാറിന്റെ ഹര്‍ജിയിലെ ആരോപണം. ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും എതിരെയായിരുന്നു ഹര്‍ജി. പുതിയ സാഹചര്യത്തില്‍ ഇനി വാദം പ്രധാന ഹര്‍ജിയിലാണ് നടക്കുക.
എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.