പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വേളയിൽ ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ഉയർത്തി സി.പി.എം. ഉമ്മൻചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാൻ സർക്കാർ ഇടപെടേണ്ടി വന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ഇടപെടാനുള്ള സാഹചര്യം ഒരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്നും അനിൽ കുമാർ ആരോപിച്ചു.
അതേസമയം ഉമ്മൻ ചാണ്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥി ആയതോടെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വീണ്ടും ആക്ഷേപിക്കാനുള്ള തരംതാണ ആരോപണം സിപിഎം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് ഉന്നയിപ്പിക്കുകയാണ്. അവരോടു മറുപടിയില്ല. സത്യം ജനം അറിയണം. തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുമെന്ന് തിരുവനന്തപുരത്ത് പറഞ്ഞിട്ട് ഇവിടെ വന്നിട്ട് ഈ തരംതാണ കാര്യങ്ങൾ പറയുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ്. അതെല്ലാം ജനങ്ങൾ മനസ്സിലാക്കും എന്നും സതീശൻ പറഞ്ഞു.
വിദേശത്തും ഇന്ത്യയിലും കേരളത്തിലുമായി അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ചികിത്സ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണിയും മൂന്ന് മക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുത്തത്. ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സി.പി.എം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നത്എന്നും സതീശൻ പറഞ്ഞു.