ബിനീഷ് കോടിയേരിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇ ഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഹേമന്തിന്റേതാണ് ഇടക്കാല ഉത്തരവ്. ഇതോടെ ബിനീഷ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ അന്തിമവാദം തീരുന്നതു വരെ വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല.
നേരത്തേ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബിനീഷ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു.
ലഹരിക്കേസിൽ താൻ പ്രതി അല്ലാത്തതിനാൽ ഇഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് ബെംഗളൂരു സിറ്റി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇത് ജൂൺ 16ന് വിചാരണക്കോടതി തള്ളി. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്.
2020 ഒക്ടോബർ 29നാണ് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകൻ മുകേഷ് കുമാര്‍ മാറോറിയാണ് ഇ ഡിക്ക് വേണ്ടി അപ്പീല്‍ ഹർജി ഫയല്‍ ചെയ്തത്.