ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ സാവിത്രി അന്തര്‍ജനം അടുത്ത അമ്മയാവും. പാരമ്പര്യരീതിയിലും മുറ അനുസരിച്ചും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അടുത്ത അമ്മയായി 83 വയസ്സുള്ള സാവിത്രി അന്തര്‍ജനം ചുമതലയേൽക്കും. ഉമാദേവി അന്തർജനത്തിന്‍റെ വിയോഗത്തെ തുടർന്ന് ഇത്തവണ ആയില്യം ആഘോഷങ്ങളില്ലാതെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം വി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തര്‍ജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ്. സംസ്ക്കാരചടങ്ങുകൾക്ക് മുന്നോടിയായി ആപാദ തീർഥം അഭിഷേകം ചെയ്താണ് പിൻഗാമിയെ അവരോധിച്ചത്.
ബുധനാഴ്ച രാവിലെ 10.15നാണ് മണ്ണാറശാലയിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തര്‍ജനം (93) സമാധിയായത്. ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്കായുള്ള പ്രത്യേക സ്ഥലത്താണ് രാത്രി വൈകി സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. അനാരോഗ്യം കാരണം ഏതാനും വര്‍ഷങ്ങളായി അമ്മ നിത്യപൂജകളില്‍ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളില്‍ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടര്‍ന്നിരുന്നു.തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തില്‍ ക്ഷേത്രത്തില്‍ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കല്‍ ചടങ്ങിന് 2016 ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്.
കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെ, ഏകമകളായ വൽസലാദേവിയുമായി ഇല്ലത്തിൽ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തർജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ സഹായിയായി മാറുകയായിരുന്നു. . വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. കൂടുതൽ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തർജനത്തിനായിരുന്നു. സ്‌ഥാനാരോഹണം കഴിഞ്ഞെങ്കിലും ഒരു വർഷത്തിലേറെ അമ്മ ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നില്ല. ഈ കാലയളവിൽ മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്‌ഥമാക്കുകയായിരുന്നു. ഇല്ലത്തെ കാരണവർ സുബ്രഹ്‌മണ്യൻ നമ്പൂതിരിയായിരുന്നു അഭ്യസിപ്പിച്ചത്.
മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശാല. മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ ഉണ്ടാവാനായി സ്ത്രീകള്‍ ഇവിടെ വന്ന് വഴിപാടു കഴിക്കുന്നത് സാധാരണമാണ്. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള കര്‍മ്മങ്ങളും നടത്തുന്നുണ്ട്. ഈ കര്‍മ്മങ്ങള്‍ക്ക് മിക്കപ്പോഴും വിശ്വാസികള്‍ നാഗ പ്രതിമകളെയും കൊണ്ടുവരാറുണ്ട്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിര്‍മ്മിച്ച മഞ്ഞള്‍ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.