തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന പാനലിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീങ്ങുന്നു. ചീഫ് ജസ്റ്റിസിന് പകരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന പാനലിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്താനാണ് ബില്ലിലെ വ്യവസ്ഥ. ഈ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
നിയമന പട്ടിക തയാറാക്കി രാഷ്ട്രപതിയോടു ശുപാർശ ചെയ്യേണ്ടത് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾപ്പെട്ട സമിതിയാണെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് ഏകസ്വരത്തിൽ വ്യക്തമാക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ഈ നിർണായക വിധി മറികടക്കാനാണ് പുതിയ ബില്ലിലൂടെ കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് സൂചന.
പ്രധാനമന്ത്രി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി നിയമനം നടത്തിയിരുന്ന രീതി നിർത്തലാക്കി ഇക്കഴിഞ്ഞ മാർച്ചിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിനായി പുതിയ പാനൽ രൂപീകരിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. കേന്ദ്ര സർക്കാർ തനിച്ചല്ല തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തീരുമാനിക്കേണ്ടതെന്ന ചരിത്രവിധിയോടെയാണ് സുപ്രീം കോടതി പുതിയ പാനലിന് രൂപം നൽകിയത്.