മിത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. എൻഎസ്എസ് നൽകിയ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
മിത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാക്കി, പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും രാത്രി വരെ തുടർന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആരോപിക്കുന്നത്. കലാപമുണ്ടാക്കാൻ ശ്രമം, പൊതുവഴി തടസപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയവയാണ് എൻഎസ് എസ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഇതിനെതിരെയാണ് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ പ്രതിഷേധമാണ് നടത്തിയതെന്നും മുദ്രാവാക്യംമുഴക്കിയില്ലെന്നും മാർഗ്ഗ തടസമുണ്ടാക്കിയിട്ടില്ലെന്നും എന്‍എസ്എസ് ഹർജയിൽ ചൂണ്ടിക്കാട്ടി. ഹർജി വെളളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, സ്പീക്കറുടെ ഗണപതി പരാർമശത്തിനെതിരെ എൻഎസ്എസ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്നലെ നടന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ സർക്കാർ പ്രതികരിക്കാത്തതിൽ എൻഎസ്എസ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഷംസീറിനെതിരെ തുടർസമരം എന്‍എസ്എസ് പ്രഖ്യാപിച്ചിട്ടില്ല. പ്രശ്നം കൂടുതൽ വഷളാക്കാതെ ഇരിക്കാൻ സർക്കാർ നടപടി ഉണ്ടാകുന്നില്ലെന്നും എൻഎസ്എസ് പ്രതികരിച്ചു