ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സന്ദീപ് വാര്യരെയും പി ആര്‍ ശിവശങ്കരനെയും ബിജെപി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി. നേരത്തെ രണ്ട് പേരെയും ഒഴവാക്കിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. തുടർന്നാണ് ഇരുവരെയും സുപ്രധാന സ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ട് വരാൻ പാര്‍ട്ടി തീരുമാനിച്ചത്.
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സന്ദീപ് വാര്യരെ നീക്കിയത്. ഹലാൽ വിവാദത്തോടെ പാർട്ടി നേതൃത്വവും സന്ദീപ് വാര്യരും അകന്നു തുടങ്ങി. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നത് നിസാര കാര്യമല്ലെന്നും പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. ഹലാൽ വിവാദം സംസ്ഥാന ബിജെപി കത്തിച്ചുവരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റിൽ പാർട്ടി ആകെ വെട്ടിലായത്. വികാരമല്ല വിവേകമാണ് ഇത്തരം വിവാദങ്ങളിൽ നയിക്കേണ്ടതെന്നായിരുന്നു പോസ്റ്റ്.
ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട് എന്ന് സന്ദീപ് അന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതെ വാക്കുകള്‍ തന്നെയാണ് ഇപ്പോള്‍ തിരികെ സുപ്രധാന സ്ഥാനത്തേക്ക് വന്നപ്പോഴും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്.