സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് എന്‍എസ്എസ്. നിയമപരമായി നിലനിൽക്കാത്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹർജി നൽകിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ട് തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു നാമജപ ഘോഷയാത്ര നടത്തിയത്.
ഒന്നാം പ്രതിയായി സംഗീത് കുമാറും കണ്ടാലറിയുന്ന ആയിരത്തിലധികം പേരും കന്റോണ്‍മെന്റ് പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയിലുണ്ട്. പോലീസ് നിര്‍ദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി എന്നിവയുള്‍പ്പെടെയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍.