എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. സിബിഐയും ഇഡിയും അന്വേഷിക്കുന്ന ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയക്ക് ഇടക്കാല ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചത്.
രണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിച്ച കേസിലെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി സെപ്റ്റംബർ നാലിലേക്ക് മാറ്റിവച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച്, സിസോദിയയുടെ ഭാര്യയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ചു. അവർ സാധാരണ നിലയിലാണെന്നും അതിനാൽ, സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ പതിവ് ജാമ്യാപേക്ഷപോലെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന സിസോദിയയെ ഫെബ്രുവരി 26 ന് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിബിഐ അറസ്റ്റ് ചെയ്തു. അന്നുമുതൽ കസ്റ്റഡിയിലാണ്. തിഹാർ ജയിലിൽ വെച്ച് ചോദ്യം ചെയ്തതിന് ശേഷം മാർച്ച് 9 ന് സിബിഐ എഫ്‌ഐആറിൽ നിന്ന് ഉരുത്തിരിഞ്ഞ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫെബ്രുവരി 28നാണ് സിസോദിയ ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നത്. ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായിരുന്ന സിസോദിയ സാക്ഷികളെ സ്വാധീനിക്കാൻ കഴിവുള്ള ഉന്നതനായ വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി മെയ് 30ന് സിബിഐ കേസിൽ സിസോദിയക്ക് ജാമ്യം നിഷേധിച്ചു. പിന്നീട് ജൂലൈ 3 ന് സിറ്റി ഗവൺമെന്റിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. കുറ്റങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞു.
കുംഭകോണം നടക്കുമ്പോൾ സിസോദിയ കാര്യങ്ങൾക്ക് ചുക്കാൻ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് പങ്കില്ലെന്ന് പറയാൻ കഴിയില്ലെന്നും മെയ് 30 ലെ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. അതേസമയം എക്‌സൈസ് നയം പരിഷ്‌ക്കരിക്കുമ്പോൾ ക്രമക്കേടുകൾ നടന്നു. ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയെന്നും കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നു. 2021 നവംബർ 17 നാണ് ഡൽഹി സർക്കാർ മദ്യ നയം നടപ്പിലാക്കുന്നത്. എന്നാൽ അഴിമതി ആരോപണങ്ങളെ തുടർന്ന് 2022 സെപ്തംബർ അവസാനം അത് റദ്ദാക്കി.