അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. സിപിഐഎമ്മിന് കൂറുള്ളത് യഥാര്‍ത്ഥ വിശ്വാസികളോടാണ്, കപട വിശ്വാസം പ്രകടിപ്പിക്കുന്നവരോടല്ല. വിശ്വാസികള്‍ക്കൊപ്പമാണ് സിപിഐഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ സിപിഎം എതിരല്ലെന്ന് എം വി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. സിപിഎം മതവിശ്വാസങ്ങൾക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാൽ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎം എടുത്തിട്ടില്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും തുടരും. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേലിൽ കുതിര കയറേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദൻ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. ‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം’ എന്നായിരുന്നു ഷംസീറിന്റെ വിവാദ പ്രസ്താവന. ഇതാണ് എന്‍എസ്എസിനെയും മറ്റ് ചില ഹിന്ദു സംഘടനകളെയും പ്രകോപിപ്പിച്ചത്. വിഷയം കൂടുതൽ ശക്തമായി എൻഎസ്എസും ബിജെപിയും ഉന്നയിക്കുമ്പോഴാണ് മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്.