മണിപ്പൂരിൽ സായുധ സേനയും മെയ്തേയ് സമുദായയവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്ക്. ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മെയ്തേയ് സമുദായം പ്രതിഷേധം നടത്തിയത്. പ്രധിഷേധത്തിനിടെ സ്ത്രീകൾ ബാരിക്കേഡ് സോൺ കടക്കാൻ നടത്തിയ ശ്രമമാണ് അക്രമത്തിലേക്ക് നയിച്ചത്.
അസം റൈഫിൾസും റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ത്രീകളെ തടഞ്ഞതോടെ കല്ലേറും ഏറ്റുമുട്ടലും ഉണ്ടായി.
കാങ്വായ്, ഫൗഗക്ചാവോ മേഖലകളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സായുധ സേനയും മണിപ്പൂർ പോലീസും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതയാണ് വിവരം. പ്രതിഷേധത്തോടെ പ്രദേശത്ത് ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിക്കാൻ ഇതോടെ അധികൃതർ നിർബന്ധിതരായി. മുൻകരുതൽ നടപടിയെന്ന നിലയിലാണ് പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി അക്രമം തുടരുന്ന മണിപ്പൂരില്‍ നിന്ന് വലിയൊരു വിഭാഗം ആളുകള്‍ പലായനം ചെയ്തിട്ടുണ്ട്. പലയിടത്തും വീടുകള്‍ അടച്ചിട്ടിരിക്കുകയാണ്. കുക്കി, മെയ്തേയ് സമുദായങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
മണിപ്പൂരില്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കുക്കികളുടെ സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്(ഐടിഎല്‍എഫ്) അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതോടെ 35 കുക്കികളുടെയും സംസ്കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാന്‍ സംഘടന തീരുമാനിച്ചു. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ഭൂമി നിയമവിധേയമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.