മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് നിരവധിപ്പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തുന്നത്. മെഴുകുതിരികളും പൂക്കളുമായാണ് ഇടവകക്കാരും നാട്ടുകാരും പ്രിയ നേതാവിന്റെ കല്ലറയിലേക്ക് എത്തുന്നത്. നേരംപുലരും മുന്‍പേതന്നെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്‍പില്‍ ആളുകള്‍ വന്ന് പ്രാര്‍ഥിക്കാന്‍ തുടങ്ങിയിരുന്നു.
പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറ. സംസ്കാര ചടങ്ങുകൾ കഴിഞ്ഞതു മുതൽ ഇവിടെ ജനത്തിരക്കാണ്. പുതുപ്പള്ളിയെന്ന നാട് ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നെങ്കിൽ പുതുപ്പള്ളി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ എക്കാലവും ഉമ്മൻ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച പുലർച്ചെ പുതുപ്പള്ളി പള്ളിയിൽ കുർബാനയ്ക്ക് എത്തുമായിരുന്നു കുഞ്ഞൂഞ്ഞ്. ഞായറാഴ്ചകളില്‍ പുതുപ്പള്ളിയിലെ പള്ളിയില്‍ച്ചെന്ന് പ്രാര്‍ഥിക്കുക എന്നത് ഉമ്മന്‍ ചാണ്ടിയുടെ തെറ്റാത്ത ശീലങ്ങളിലൊന്നായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും ആ പതിവ് തെറ്റിച്ചില്ല. ഇന്നു പക്ഷേ, ഉമ്മന്‍ ചാണ്ടി പ്രാര്‍ഥനയ്ക്കെത്തില്ല. ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം പള്ളിയില്‍ ധൂപ പ്രാര്‍ഥന നടന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെല്ലാവരും പ്രാര്‍ഥനയില്‍ പങ്കെടുത്തു
കഴിഞ്ഞ വർഷം നവംബർ രണ്ടിനു ബുധനാഴ്ചയാണ് ഉമ്മൻചാണ്ടി അവസാനമായി ഇവിടെ പ്രാർഥിക്കാനെത്തിയത്. ജർമനിയിലേക്കു ചികിത്സയ്ക്കു പോകുന്നതിനു മുൻപായിരുന്നു ആ വരവ്. ഒക്ടോബർ 31ന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ദിനത്തിൽ പുതുപ്പള്ളി പള്ളിയിലെത്തുന്ന പതിവുണ്ട്. അന്നു പള്ളിയിൽ പോകാൻ കഴിയാതിരുന്നതുകൊണ്ടു കൂടിയാണു നവംബർ രണ്ടിന് എത്തിയത്.