മിസോറാമിലുളള മെയ്‌തേയ് വിഭാഗക്കാരെ വിമാനമാര്‍ഗം സംസ്ഥാനത്തെത്തിക്കാന്‍ പദ്ധതിയിട്ട് മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തുളള മെയ്‌തേയ് വിഭാഗക്കാര്‍ സുരക്ഷ കണക്കിലെടുത്ത് മണിപ്പൂരിലേക്ക് മടങ്ങണമെന്ന് മിസോറാമിലെ മുന്‍ തീവ്രവാദികളുടെ ഒരു സംഘടന (PAMRA) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നീക്കം. ഐസ്വാള്‍-ഇംഫാല്‍, ഐസ്വാള്‍-സില്‍ച്ചാര്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്ന എടിആര്‍ വിമാനങ്ങളില്‍ മിസോറാമില്‍ നിന്ന് ആളുകളെ എത്തിക്കാനാണ് മണിപ്പൂര്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മെയ്‌തേയ് വിഭാഗക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, ഒഴിപ്പിക്കല്‍ പ്രക്രിയ എപ്പോള്‍ ആരംഭിക്കുമെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിപ്പൂരില്‍ നിന്നും തെക്കന്‍ അസാമില്‍ നിന്നുമുള്ള ആയിരക്കണക്കിന് മെയ്‌തേയ് വിഭാഗക്കാര്‍ മിസോറാമില്‍ താമസിക്കുന്നുണ്ട്.
സംസ്ഥാനത്തെ മെയ്തി ജനതയോട് അവരുടെ സ്വന്തം സുരക്ഷയ്ക്കായി മണിപ്പൂരിലേക്ക് മടങ്ങി പോകാൻ മിസോറാമിലെ സംഘടന ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതുജന മധ്യത്തിലൂടെ നടത്തുകയും, പീഡനത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവത്തിന് പിന്നാലെയാണ് മിസോറാമിലെ മുൻ തീവ്രവാദികളുടെ സംഘടനയായ പിഎഎംആർഎ (പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ) ഈ ആവശ്യവുമായി രംഗത്ത് വന്നത്. മെയ് 4 ന്, ഒരു കൂട്ടം പുരുഷന്മാര്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത് മിസോറാമിലെ യുവാക്കള്‍ക്കിടയില്‍ കടുത്ത രോഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്
മെയ് 3 മുതല്‍ മണിപ്പൂരില്‍ നടക്കുന്ന വംശീയ അക്രമത്തില്‍ 160 ലധികം പേര്‍ മരണമടയുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പട്ടികവര്‍ഗ (എസ്ടി) പദവിക്കായുള്ള ഭൂരിപക്ഷ വിഭാഗമായ മെയ്തേയി സമുദായത്തിന്റെ ആവശ്യത്തെ എതിര്‍ത്ത്, മലയോര ജില്ലകളില്‍ നടത്തിയ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മണിപ്പൂരിലെ സംഘർഷത്തിൽ മെയ് 3 മുതൽ ഇതുവരെ 160ലധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനം വരുന്ന മെയ്തി വിഭാഗക്കാർ, പ്രധാനമായും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്. നാഗാകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ 40 ശതമാനവും കൂടുതലായി മലയോര ജില്ലകളിലും കഴിയുന്നു.