അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് ദിവസത്തിനകം സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. വിനായകന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പൊലീസിനോട് പറഞ്ഞതായാണ് വിവരം. കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. അതിനിടെ, കലൂരിലെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വിനായകനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലാണ് വിനായകന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ നടന്‍ വീഡിയോ ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കംചെയ്തിരുന്നു. എന്നാല്‍, വിനായകനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് നടനെതിരേ കേസെടുത്തത്.