മണിപ്പുരിൽ സ്ത്രീകളെ നഗ്നരായി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭത്തിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് തീവച്ചു. അറസ്റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്തിയുടെ വീടിന് ഒരുസംഘം സ്ത്രീകളാണു വ്യാഴാഴ്ച തീയിട്ടത്. പെച്ചി അവാങ് ലെയ്കായ് ഗ്രാമത്തിൽനിന്നുള്ള ഹെരൊദാസ് (32) സംഭവത്തിലെ പ്രധാന പ്രതിയാണ്. അതിക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിന്‍റെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്.
സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു. പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തി. അതേസമയം സംഭവത്തിൽ കാര്യക്ഷമമായി ഇടപെടാത്തതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ആളുകള്‍ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണു പ്രതികളെ പിടികൂടാൻ വൈകുന്നതെന്നും ഇവർ ആരോപിച്ചു. എന്നാൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രധാന പ്രതി ഉൾപ്പെടെ അറസ്റ്റിലായെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മണിപ്പൂരിലുണ്ടായ അക്രമ സംഭവങ്ങളില്‍ 150ഓളം പേര്‍ കൊല്ലപ്പെട്ടായാണ് പുറത്ത് വന്ന കണക്കുകള്‍ വിശദമാക്കുന്നത്. നിരവധിപ്പേര്‍ക്കാണ് അക്രമങ്ങളില്‍ പരിക്കേറ്റത്. മെയ്തെയ് വിഭാഗം സംവരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളമുള്ള മെയ്തെയ് വിഭാഗത്തിന് സംവരം അനുവദിക്കുന്നതിന് നാഗാ, കുക്കി വിഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയിലെ 40 ശതമാനം മാത്രമാണ് ആദിവാസി വിഭാഗങ്ങളുള്ളത്.