മണിപ്പുർ വിഷയത്തിൽ കടുത്ത വിമർശനം ഉയരുമ്പോൾ വിഷയത്തിൽ രണ്ടാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധമായി. ലോക്സഭ രാവിലെ ആരംഭിച്ചതുമുതൽ മണിപ്പുർ കലാപത്തിൽ പ്രതിപക്ഷം അടിയന്തര ചർച്ച ആവശ്യപ്പെടുകയായിരുന്നു. പത്തിലേറെ അടിയന്തരപ്രമേയങ്ങളാണ് പ്രതിപക്ഷം കൊണ്ടുവന്നത്. ബഹളത്തെ തുടർന്ന് നിർത്തിവച്ച ലോക്സഭ പുനരാരംഭിച്ചു. രാജ്യസഭ രണ്ടരവരെ നിർത്തിവയ്ക്കുകയും ചെയ്തു.
മണിപ്പുരിൽ ചോരപൊടിയുകയാണെന്നു സ്പീക്കർ ഓം ബിർളയോട് പറഞ്ഞ പ്രതിപക്ഷനേതാക്കൾ ലോക്സഭ ചേർന്നതിനു പിന്നാലെ തന്നെ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. മുദ്രാവാക്യം വിളികൾകൊണ്ടല്ല, ചർച്ചകൾകൊണ്ടു മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കു എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ‘ഇത് ശരിയല്ല, ചർച്ചകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താൻ സാധിക്കു’–സ്പീക്കർ പറഞ്ഞു.
പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തുന്നതുവരെ പ്രക്ഷോഭമെന്ന നിലപാടിലാണു പ്രതിപക്ഷം. പ്രധാനമന്ത്രി വിഷയത്തെക്കുറിച്ചു സംസാരിച്ചെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞെങ്കിലും സഭയ്ക്കകത്തു പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.