അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയിൽ എത്തി. പുതുപ്പള്ളിയിലെ വീട്ടില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു. തിരുനക്കരയിലെ പൊതുദർശനം മൂന്ന് മണിക്കൂർ നീണ്ടു.
ആയിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയിൽ ഉമ്മൻചാണ്ടിയെ കാണാനെത്തിയത്. വളരെ പാടുപെട്ടാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. സിനിമാ താരങ്ങളായ മമ്മൂട്ടി,സുരേഷ് ഗോപി എംപി, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമർപ്പിച്ചു. ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്.
4.30 വരെ തറവാട്ട് വീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 6.30 ന് പുതിയ വീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടർന്ന് സംസ്‌കാര ശുശ്രൂഷകൾ ഏഴരയോടെ നടക്കും എന്നാണ് അറിയിച്ചതിരിക്കുന്നത്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷപ്രകാരം സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചതിനെ തുടർന്നാണിത്.