മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തുന്ന വീഡിയോ പങ്കുവെയ്ക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിനും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്നും വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബുധനാഴ്ചയാണ് കുക്കി-സോമി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കൂട്ടം പുരുഷന്മാര്‍ ഇവരെ നഗ്നരാക്കി നടത്തിക്കുന്നതും ലൈംഗികാതിക്രമത്തിന് വിധേയരാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പോലീസില്‍ നല്‍കിയ പരാതിയില്‍ കാംഗ്പോപി ജില്ലയിലാണ് സംഭവം നടന്നത്. ജൂണ്‍ 21 ന് തൗബാല്‍ ജില്ലയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അജ്ഞാതര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തു. മൂന്ന് സ്ത്രീകളെയും വസ്ത്രങ്ങള്‍ അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ജനക്കൂട്ടത്തിന് മുന്നില്‍ നഗ്‌നരാക്കുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ വീഡിയോയ്‌ക്കെതിരെ പ്രതികരിച്ചു. സംഭവത്തെ അപലപനീയവും മനുഷ്യത്വരഹിതവുമാണെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ വിളിച്ച് പറഞ്ഞതായും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം വീഡിയോയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഇത് അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സുപ്രീംകോടതിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
മേയ് 3 ന് നടന്ന ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന്’ പിന്നാലെയാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇത് മെയ്‌തേയ് സമുദായത്തിന്റെ പട്ടിക വര്‍ഗ്ഗ (എസ്ടി) പദവി ആവശ്യത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്