ഇന്ത്യയെന്ന പുതിയ പ്രതിപക്ഷ സഖ്യ പേര് പ്രഖ്യാപിച്ചതിനെത്തുടർന്ന് 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ‘ഇന്ത്യ ‘ എന്ന് പ്രതിപക്ഷ സഖ്യത്തിന് പേര് നല്‍കിയതിലാണ് കേസ് ചുമത്തിയത്. ഇന്ത്യയെന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നുവെന്നും അന്യായമായ സ്വാധീനത്തിനും ശ്രമിക്കുന്നുവെന്നുമാണ് പരാതി. അവിനിഷ് മിശ്രയെന്നയാളാണ് പരാതി നല്‍കിയത്.
ഇന്ത്യൻ നാഷണൽ ഡെവലപ്മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് എന്നാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ പേര്. 26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഇന്നലത്തെ യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് രണ്ട് ദിവസമായി ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുത്തത്.
ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ് ലൈൻ കൂടി നല്‍കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഭാരതം വിജയിക്കുമെന്ന് അർത്ഥമുള്ള ‘ജീത്തേഗ ഭാരത്’ ആണ് ടാഗ് ലൈൻ. ഇന്നലെ രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ ചർച്ച ചെയ്ത് തീരുമാനമെടുത്തത്.