ഏക സിവിൽകോഡിനെതിരെ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽനിന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വിട്ടു നിന്നത് സിപിഎമ്മിലും അണികളിലും അതൃപ്തി ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഇ.പി ജയരാജൻ. സി.പി.എം സെമിനാറിൽ പങ്കെടുക്കാത്ത ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടെയാണ് ജയരാജൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ മുന്നണി കാര്യങ്ങളില്‍ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. എന്നാൽ പാർട്ടിയിൽ താൻ സജീവമാണെന്നും, കൂടുതൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പറയേണ്ട സാഹചര്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇ.പി.ജയരാജൻ പങ്കെടുക്കും.
പാർട്ടിയിൽ തന്നെക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായതു മുതൽ ജയരാജൻ നിസ്സഹകരണം തുടരുകയാണ്.ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു പാർട്ടി നടത്തുന്ന പ്രധാന രാഷ്ട്രീയ നീക്കത്തിലും അതാവർത്തിച്ചു. സെമിനാറിൽ ഇ.പി ജയരാജന്‍ പങ്കെടുക്കാത്തതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.