പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ എത്തി. അബുദാബി പ്രസിഡന്ഷ്യൽ വിമാനത്താവളത്തിൽ പറന്നിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയില്‍ എത്തിയത്.
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും.
ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരും വിലയിരുത്തും. ഡല്‍ഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയില്‍ തുടങ്ങുന്നതാണ് രൂപ വിനിമയത്തിന് പുറമെ മറ്റൊരു പ്രധാന വിഷയം. ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ഇന്ന് ക്ഷണിക്കുകയും ചെയ്യും. ഊര്‍ജ്ജം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുതിനുള്ള ധാരണാപത്രങ്ങളും ഒപ്പുവെക്കും. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.