ദ്വിദിന ഫ്രാൻസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിൽ എത്തി. ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ജൂലൈ 13, 14 തീയതികളിൽ മോദി ഫ്രാൻസിലുണ്ടാകും. ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി യു എ ഇ തലസ്ഥാനമായ അബുദാബിയിൽ എത്തും.
വൈകിട്ട് 7.30ന് (IST) പ്രധാനമന്ത്രി മോദി സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും.
ഏകദേശം 8.45ന് (IST) പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രധാനമന്ത്രി മിസ് എലിസബത്ത് ബോണുമായി കൂടിക്കാഴ്‌ച നടത്തും.
പ്രധാനമന്ത്രി മോദി അടുത്തതായി ലാ സീൻ മ്യൂസിക്കേലിൽ രാത്രി 11 മണിക്ക് (IST) ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യും. അതിനുശേഷം 00:30ന് (IST), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിക്കുന്ന സ്വകാര്യ അത്താഴത്തിനായി പ്രധാനമന്ത്രി മോദി എലിസി കൊട്ടാരത്തിലെത്തും.
ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം നേവൽ ജെറ്റുകളും മൂന്ന് അധിക സ്കോർപീൻ അന്തർവാഹിനികളും വാങ്ങുന്നതിനുള്ള കരാർ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 90,000 കോടി രൂപയുടെ ഇടപാടുകളിൽ 22 സിംഗിൾ സീറ്ററും നാല് ഡബിൾ സീറ്റർ ട്രെയിനർ പതിപ്പും അടങ്ങുന്ന 26 റഫാൽ എം വിമാനങ്ങൾ ഉൾപ്പെടും. പ്രോജക്ട് 75 ന് കീഴിലുള്ള സ്കോർപീൻ ഇടപാടിന്റെ ഭാഗമായിരിക്കും മൂന്ന് അധിക അന്തർവാഹിനികൾ എന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു.