ഉത്തരേന്ത്യയില്‍ മഴ കനക്കുകയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ ജനജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണ്. ഹിമാചലില്‍ മരണസംഖ്യ ഉയരുന്നു. നാല് ദിവസത്തിനിടെ ഹിമാചലില്‍ 39 പേര്‍ മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ 100 ഓളം ആയി. അതേസമയം ഹിമാചലിലെ ചമ്പ, ഷിംല, സിര്‍മൗര്‍, കിന്നൗര്‍ തുടങ്ങിയ ജില്ലകളില്‍ ധാരാളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച രാത്രി 8 മണി വരെ 50,000 വിനോദസഞ്ചാരികളെ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.
മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ദേശീയ പാതകള്‍ ഉള്‍പ്പെടെയുള്ള പല റൂട്ടുകളും അടച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമോലി ജില്ലയിലെ ബദരീനാഥ് ദേശീയപാത ചമോലിക്കും ജോഷിമഠത്തിനുമിടയില്‍ അഞ്ചിടങ്ങളില്‍ അടച്ചിട്ടിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ്, യമുനോത്രി നാഷണല്‍ ഹൈവേ, ഗംഗോത്രി ഹൈവേ എന്നിവിടങ്ങളില്‍ 300 ലധികം റോഡുഗാതാഗതം തടസ്സപ്പെട്ടു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉത്തരാഖണ്ഡിലെ ധനൗരി, രുദ്രപ്രയാഗ്, ഖാന്‍പൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജൂലൈ 15, 16 തീയതികളില്‍ റൂര്‍ക്കി, ലക്സര്‍, ഭഗവാന്‍പൂര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദേശീയ തലസ്ഥാനത്തും വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായിരിക്കുകയാണ്. യമുന നദിയുടെ ജലനിരപ്പ് 208.41 മീറ്ററില്‍ എത്തി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. ദില്ലിയിൽ ഇപ്പോൾ യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയർന്നു. ഇതിനോടകം തന്നെ തീരപ്രദേശങ്ങളിലേക്ക് വെള്ളം കടന്നു കഴിഞ്ഞു ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രളയ ഭീഷണി നിലനിൽക്കുകയാണ്. യമുന നദിയിലെ ജലനിരപ്പ് സർവ്വകാല റെക്കോഡിലെത്തുകയാണ്. 208.41 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതിനു മുൻപ് 1978 ലാണ് ജലനിരപ്പ് 207 മീറ്റർ കടന്നത്.
ഓൾഡ് ഡൽഹിയിൽ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളായതിനാൽ നിഗംബോധ് ഘട്ട് ശ്മശാനസ്ഥലം ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. യമുനയിലെ ജലനിരപ്പ് രാത്രിയിൽ കൂടുതൽ ഉയർന്നതോടെ വീടുകളും റോഡുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. .ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ബാരേജിൽ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് അരവിന്ദ് കെജ്‌രിവാൾ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബാരേജിൽ നിന്ന് അധിക വെള്ളം തുറന്നുവിടേണ്ടതുണ്ട് എന്നാണ് കേന്ദ്രം മറുപടി നൽകിയത്
കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ഡെറാഡൂണ്‍, ഹരിദ്വാര്‍, പൗരി, ഉത്തരാഖണ്ഡിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും വെള്ളപ്പൊക്കമുണ്ടായി. രണ്ട് സംസ്ഥാനങ്ങളിലുമായി ബുധനാഴ്ച ആറ് പേര്‍ മരണമടഞ്ഞു.