ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 കടന്നതായി റിപ്പോർട്ട്. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരമാണ്. ഇന്ന് സോളൻ, ഷിംല, കുളു അടക്കം 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എൻഡിആർഎഫിന്റെ12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 20 പേരാണ്. 24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. കിന്നോർ, മാണ്ഡി, ലഹോൾ സ്പിതി ജില്ലകളിൽ മിന്നൽ പ്രളയം മുന്നറിയിപ്പ് നൽകി. ബിയാസ് നദി അപകട നിലയക്ക് മുകളിൽ ഒഴുകുന്നു. അതിതീവ്ര മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചൽപ്രദേശിൽ മാത്രം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ദേശീയപാതകൾ തകർന്നു. പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയി. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങൾ തകർന്നു.
ഉത്തരാഖണ്ഡ് ഉത്തരകാശിയിൽ മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു. ഹരിയാന പഞ്ച്കുളയിൽ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. അംബാല – ഛണ്ഡിഗഡ് ദേശീയപാതയിൽ വെള്ളം കയറി. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് 206 മീറ്റർ കടന്നു. ഹത്നികുണ്ഡ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതാണ് യമുനയിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. തീരപ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.
അതേസമയം, മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുബം അടക്കം 10 പേരെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ കുടുങ്ങിയ ഡോക്ടർമാർ അടക്കം 51 പേർക്ക് ഇന്നലെയും മടങ്ങാനായില്ല. 6 മലയാളി മാധ്യമ പ്രവർത്തകരുടെ സംഘം മണ്ടിയിൽ തുടരുന്നു. 400 വിനോദ സഞ്ചാരികൾ പലയിടങ്ങളിൽ ആയി കുടുങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.