പ്രമുഖ സിനിമാ സിനിമ നിർമ്മാതാവ് അച്ചാണി രവി എന്ന കെ രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍റെയും അരവിന്ദന്‍റെയുമടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്ചേഴ്സ്. 1967-ലാണ് ജനറൽ പിക്ചേഴ്സ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. സത്യനെ നായകനാക്കി അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് കടന്നു. പി ഭാസ്കരൻ, എ വിൻസെൻറ് , എം ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളുടെ നിർമ്മാതാവായി. 1973-ൽ പുറത്തിറങ്ങിയ അച്ചാണി എന്ന സിനിമ ഹിറ്റായതോടെ അച്ചാണി രവി എന്നറിയപ്പെട്ടു തുടങ്ങി. ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്.
1967-ൽ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു ജനറൽ പിക്‌ചേഴ്‌സ് ആരംഭിച്ചത്. പി.ഭാസ്കരൻ ആയിരുന്നു സംവിധാനം. 68-ൽ ‘ലക്ഷപ്രഭു’, 69-ൽ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി.ഭാസ്കരൻ ജനറൽ പിക്‌ചേഴ്‌സിനുവേണ്ടി സംവിധാനം ചെയ്തു. 73-ൽ എ.വിൻസെന്റിന്റെ ‘അച്ചാണി’, 77-ൽ ‘കാഞ്ചനസീത’, 78-ൽ ‘തമ്പ്’, 79-ൽ ‘കുമ്മാട്ടി’ 80-ൽ ‘എസ്തപ്പാൻ’, 81-ൽ ‘പോക്കുവെയിൽ’ എന്നീ ചിത്രങ്ങൾ അരവിന്ദനും 84-ൽ ‘മുഖാമുഖം’, 87-ൽ ‘അനന്തരം’, 94-ൽ ‘വിധേയൻ’ എന്നീ ചിത്രങ്ങൾ അടൂർ ഗോപാലകൃഷ്ണനും ഒരുക്കി. 82-ൽ എം.ടി.വാസുദേവൻ നായർ ‘മഞ്ഞ്’ സംവിധാനം ചെയ്തു.
കൊല്ലം സ്വദേശി വെണ്ടർ കൃഷ്ണപിളളയുടെയും നാണിയമ്മയുടെയും എട്ട് മക്കളിൽ അഞ്ചാമനയാണ് രവീന്ദ്രനാഥന്‍ നായരുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955 ൽ കോമേഴ്സ് ഐച്ഛിക വിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്‍റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ വിജയലക്ഷ്മി കാഷ്യൂസ് കേരളത്തിലും പുറത്തും 115 ഫാക്ടറികളുളള വലിയ ബിസിനസ് ശൃംഖലയായി. കെ രവീന്ദ്രനാഥൻ നായർ ജൂലൈ 6 ന് ആയിരുന്നു നവതി ആഘോഷിച്ചത്. നവതിക്ക് പിന്നാലെയാണ് മരണം. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008-ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നല്‍കി സർക്കാർ ആദരിച്ചു. ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013-ൽ അന്തരിച്ചു. പ്രതാപ് നായർ, പ്രകാശ് നായർ, പ്രീത എന്നിവരാണ് മക്കൾ.