തമിഴ് നാട്ടിൽ കോയമ്പത്തൂർ റേഞ്ച് ഡിഐജി സി.വിജയകുമാർ ജീവനൊടുക്കി. ഔദ്യോഗിക വസതിയിൽ ആണ് ആത്മഹത്യ ചെയ്തത്. പ്രഭാതനടത്തത്തിന് ശേഷം ആറേമുക്കാലോടെ റേസ് കോഴ്സിലെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയ സി. വിജയകുമാർ, സുരക്ഷാ ജീവനക്കാരനോട് സർവീസ് തോക്ക് ചോദിച്ചുവാങ്ങി. പിന്നാലെ സ്വയം നിറയൊഴിക്കുകയായിരുന്നു. ശബ്ദം കേട്ട് മറ്റ് പൊലീസുകാർ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്ട്ടത്തിന് ശേഷം ശവസംസ്‌കാരം നടക്കും. സംഭവത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചിച്ചു.
ഇന്നലെ രാത്രി സഹപ്രവർത്തകന്ർറെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത വിജയകുമാർ രണ്ട് മൂന്ന് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വിജയകുമാര്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുണ്ട്.
2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ ഈ വര്‍ഷം ജനുവരിയിലാണ് കോയമ്പത്തൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്. ഇതിന് മുമ്പ് കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ പൊലീസ് സൂപ്രണ്ടായും അണ്ണാനഗര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷണത്തിലാണ്. കോളിളക്കമുണ്ടാക്കിയ പല കേസുകളുടെയും അന്വേഷണത്തിന് നേതൃത്വം വഹിച്ച വിജയകുമാറിന്ർറെ അപ്രതീക്ഷിത മരണം സേനയ്ക്കാകെ നടുക്കമായി. സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.