ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അല്‍ ഖിസൈസില്‍ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 20 മെഡ്കെയര്‍ മെഡിക്കല്‍ സെന്ററുകള്‍ക്കൊപ്പം ദുബായിലെ നാലാമത്തെയും യുഎഇയിലെ അഞ്ചാമത്തെയും മെഡ്കെയര്‍ ആശുപത്രിയാകുമിത്. ഖിസൈസിലെ പുതിയ ആശുപത്രിക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ദുബായ് ഡെവലപ്മെന്റ്സും കരാറില്‍ ഒപ്പുവെച്ചു. 2023 ഡിസംബറോടെ ആശുപത്രി പ്രവര്‍ത്തനക്ഷമമാകും. 3,34,736 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന 126 കിടക്കകളുള്ള മെഡിക്കല്‍ സൗകര്യം ദുബായ് ഡെവലപ്മെന്റ്സാണ് നിര്‍മ്മിക്കുന്നത്.
അല്‍ ഖിസൈസിൽ നിർമ്മിക്കുന്ന 126 കിടക്കകളുള്ള ഉന്നത നിലവാരമുള്ള ഹോസ്പിറ്റല്‍, പരിചയസമ്പന്നരായ മെഡിക്കല്‍ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെ ഏറ്റവും നൂതനമായ സംവിധാനങ്ങളോടെ മികച്ച വ്യക്തിഗത ആരോഗ്യ പരിചരണം ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി, ഗ്യാസ്ട്രോ എന്‍ട്രോളജി, ഓര്‍ത്തോപീഡിക്സ്, സ്പോര്‍ട്സ് പരിക്കുകള്‍, മിനിമലി ഇന്‍വേസീവ് സര്‍ജറി തുടങ്ങിയ ക്വാട്ടര്‍നറി കെയര്‍ സേവനങ്ങളോടൊപ്പം, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ന്യൂക്ലിയര്‍ മെഡിസിന്‍, ഓങ്കോളജി റേഡിയേഷന്‍ തുടങ്ങിയ നൂതന പരിചരണങ്ങളും ആശുപത്രി വാഗ്ദാനം ചെയ്യുന്നുണ്ട്.
ദുബായിലെ സമ്പന്നരായ ജനങ്ങള്‍ക്കിടയില്‍ പ്രത്യേക പരിചരണത്തിന്റെ ആവശ്യകത ഗണ്യമായി വര്‍ദ്ധിച്ചുവരുന്നതായി മനസ്സിലാക്കുന്നതായി പുതിയ ആശുപത്രിയെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. രാജ്യത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിനു കീഴിൽ നിലവിലുള്ള 9 ആശുപത്രികള്‍, 101 ക്ലിനിക്കുകള്‍, 241 ഫാര്‍മസികള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആശുപത്രിയില്‍ വിവിധ ത്രിതീയ പരിചരണ സൗകര്യങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.