രാജ്യത്തുടനീളം ഈയാഴ്ചയോടെ ചൂട് വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. രാജ്യം ശക്തമായ ചൂട് കാലത്തേക്ക് പ്രവേശിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വരുംദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് താപനില 48 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കാം എന്നും മുന്നറിയിപ്പുണ്ട്.
ഞായറാഴ്ച അബൂദബിയിൽ ചൂട് 48 ഡിഗ്രി സെല്‍ഷ്യസില്‍ എത്താൻ സാധ്യതയുണ്ട്. അല്‍ഐനില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസും അബൂദബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസും വരെ എത്തും. പകല്‍ സമയത്ത് പൊടിപടലങ്ങളോടെ നേരിയതോ മിതമായതോ ആയ മണൽക്കാറ്റ് വീശാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അബൂദബിയിലും ദുബൈയിലും വരുംദിവസങ്ങളില്‍ ഭൂരിഭാഗവും ഉച്ച സമയത്ത് താപനില ഉയരും. കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസായിരിക്കും.
ശക്തമായ മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. രാവിലെ മൂടല്‍മഞ്ഞ് കാരണം ചില ഭാഗങ്ങളില്‍ കാഴ്ചയുടെ ദൂരപരിധി കുറവായിരുന്നു. അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.