മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ ആദിവാസി യുവാവിന്റെ കാൽ കഴുകി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഭോപ്പാലിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിന്റെ കാലു കഴുകിയ ശേഷം മുഖ്യമന്ത്രി ക്ഷമാപണം നടത്തിയത്. യുവാവിന് നേരിട്ട അപമാനത്തിലും അക്രമത്തിലും അതീവ ദുഖമുണ്ടെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
പ്രവേശ് ശുക്ല എന്നയാളാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ വീടിന്‍റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അനധികൃത നിര്‍മ്മാണമെന്ന് കാണിച്ചായിരുന്നു നടപടി. ഇന്ത്യന്‍ ശിക്ഷാ നിയം 294, 504 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രവേശ് ശുക്ളയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവേശ് സിദ്ധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയുടെ സഹായി ആണെന്നും നിരവധി പ്രതിപക്ഷ നേതാക്കൾ ആരോപണം ഉയര്‍ത്തിയിരുന്നു.