സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 6) ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട,കോട്ടയം ജില്ലകളിലെ നാല് നദികളിൽ ജലനിരപ്പ് ഉയർന്നു മണിമലയാർ, അച്ചൻകോവിലാർ,മീനച്ചിലാർ, പമ്പ നദികളിലാണ് ജലനിരപ്പ് ഉയർന്നത്. ശക്തമായ മഴയിൽ കോട്ടയം മുണ്ടക്കയത്ത് മലവെളളപാച്ചിലുണ്ടായി.പത്തനംതിട്ട തിരുവല്ലയിൽ നിരണം പനച്ചിമൂട് എസ് മുക്കിൽ സി എസ് ഐ പള്ളി തകർന്നുവീണു. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇടുക്കി പീരുമേട് പ്രദേശങ്ങളില്‍ 48 മണിക്കൂറിൽ 321 mm മഴയാണ് പെയ്തത്. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നു. പെരിയാറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 6 ജില്ലകളിലും കുട്ടനാട് താലുക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർഗോഡും ഇടുക്കിയിലും പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.