ഈ വർഷത്തെ വിശുദ്ധഹജ്ജിന് പരിസമാപ്തിയായി. മിനായിൽ തീർത്ഥാടകർ കല്ലേറുകർമം പൂർത്തിയാക്കി മക്കയിലെത്തി പ്രദക്ഷിണം നടത്തിയതോടെയാണ് ഹജ്ജിന് സമാപനം ആവുന്നത്. വെള്ളിയാഴ്ചതന്നെ ഒട്ടുമിക്ക ഹാജിമാരും മിനാ താഴ്‌വാരം വിട്ടിരുന്നു. ശനിയാഴ്ച ഉച്ചക്കുമുമ്പേ ജംറയിലെ സ്തൂപത്തിലെ കല്ലേറ് കർമം നിർവഹിച്ച് മടക്കയാത്ര തുടങ്ങിയിരുന്നു. ഇതോടെ ആറു നാൾ നീണ്ട, 20 ലക്ഷത്തോളം ഭക്തർ പങ്കെടുത്ത ഹജ്ജിന് സമാപനമായി. മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ തീർത്ഥാ ടകർ മിനയിൽനിന്ന് അസീസിയയിലെ താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തി.
പഴുതടച്ച സംവിധാനങ്ങളൊരുക്കി വിജയകരമായ ഒരു ഹജ്ജ് കാലത്തിനാണ് ഇവിടെ സമാപനമാവുന്നത്. ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ മുതിർന്ന സൈനികസുരക്ഷാ ഉദ്യോഗസ്ഥരുമായി മക്കയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹജ്ജിന് സ്വീകരിച്ച ആരോഗ്യസുരക്ഷാപദ്ധതികൾ പൂർണമായും വിജയിച്ചതായി ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്‌മാൻ അൽ ജലാജെൽ വ്യക്തമാക്കി.