സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബില്‍ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബില്‍ സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഹൈബിയെ തള്ളി വിവിധ നേതാക്കൾ രംഗത്തുവന്നു. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്ന് തിരുവനന്തപുരം എം പി ശശി തരൂർ പ്രതികരിച്ചു. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു. ഹൈബി ഈഡനെതിരെ കെ മുരളിധരനും രൂക്ഷവിമർശനം ഉന്നയിച്ചു. പാർട്ടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റായിപ്പോയി.
ഹൈബി ഈഡനെതിരെ സിപിഎം നേതാക്കളും രംഗത്തെത്തി. തലസ്ഥാനം എറണാകുളത്ത് ആക്കണമെന്ന ഹൈബിയുടെ ആവശ്യം അപക്വവും അപ്രായോഗികവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശശി തരൂർ അവിടെയും ഇവിടെയും തൊടാതെയുള്ള സംസാരം മതിയാക്കി നയം വ്യക്തമാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഹൈബി ഈഡന്റെ പ്രസ്താവന എന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് സിഎംപി നേതാവ് സി പി ജോൺ പ്രതികരിച്ചു. ഹൈബി പറഞ്ഞത് സ്വബോധത്തോടെ പറയുന്ന കാര്യമല്ലെന്ന് മുൻ മന്ത്രി എംഎം മണി പരിഹസിച്ചു.