സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വൈകിട്ട് ചുമതലയേല്‍ക്കും. നിലവിലെ പൊലീസ് മേധാവി അനില്‍കാന്ത് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെത്തുന്നത്. നിലവിലെ സംസ്ഥാന പൊലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും ചേര്‍ന്ന് വൈകിട്ടോടെ യാത്രയാക്കും. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. പിന്നീട് ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ നിയമിച്ചത്. വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ഷെയ്ഖ് ദര്‍വേസ് സാഹിബിനുള്ളത്. 1990 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ദര്‍വേസ്. നെടുമങ്ങാട് എഎസ്പിയായിട്ടായിരുന്നു തുടക്കം.