മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്. തലസ്ഥാനമായ ഇംഫാലിലും ഹെങ്‌സാങ്ങിലും വെടിവയ്പുണ്ടായതായും ഇംഫാലിലെ സെക്‌മായി മേഖലയിൽ രണ്ട് സ്ഥാപനങ്ങൾ കുക്കി വിഭാഗത്തിലെ അജ്ഞാതർ നശിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്. മണിപ്പൂരിൽ ഒരു മാസത്തിലേറെയായി വംശീയ അക്രമങ്ങൾ നടക്കുകയാണ്. മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ചിട്ടും കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല.വ്യാഴാഴ്ച കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിംഗിന്റെ വീടിനുനേരെ ആക്രമണം നടത്തുകയും പൂർണമായും കത്തിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിരമിച്ച ആദിവാസി ഐഎഎസ് ഉദ്യോഗസ്ഥന്റെ വീടിന് സമീപമുള്ള ഗോഡൗണാണ് അക്രമകാരികൾ വെള്ളിയാഴ്ച അഗ്നിക്കിരയാക്കിയത്.
മേയ് 3 ന് മണിപ്പൂരിലെ മലയോര ജില്ലകളിൽ മെയ്തേയ് സമുദായത്തിന് പട്ടികവർഗ പദവി അനുവദിച്ചതിൽ പ്രതിഷേധിച്ച് ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തേയ്കൾ കൂടുതലും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്.