സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. വടക്കന്‍ സിക്കിമിലെ ചുങ്താങ്ങിലാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഇന്ത്യന്‍ ആര്‍മിയുടെ ത്രിശക്തി കോര്‍പ്സും സ്ട്രൈക്കിംഗ് ലയണ്‍ ഡിവിഷനും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലാച്ചുങ്ങില്‍ നിന്നും ലാച്ചനില്‍ നിന്നും 300 വിനോദസഞ്ചാരികള്‍ വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച് കരസേന ഇന്ന് രാവിലെ 11 മണിയോടെ 300 വിനോദസഞ്ചാരികളെയും ഗാംഗ്ടോക്കിലേക്കുള്ള താത്കാലിക പാലത്തിന് മുകളിലൂടെ കടക്കാന്‍ സൈന്യം സഹായിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യന്‍ സൈന്യം ഭക്ഷണവും വിശ്രമ സ്ഥലവും മരുന്നും നല്‍കി.
വെള്ളിയാഴ്ചയാണ് വടക്കന്‍ സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. ഇതേതുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴവെള്ളപ്പാച്ചിലില്‍ ചുങ്താങ്ങിനടുത്തുള്ള ഒരു പാലം ഒലിച്ചുപോയി. ഇതോടെ ലാചുങ്, ലാചെന്‍ എന്നിവ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. ഏകദേശം 3,500 വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങിയിരുന്നു. ശനിയാഴ്ച, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് കരസേന 2000-ലധികം വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയിരുന്നു.