കടുത്ത ചൂടിൽ ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തിനിടെ 54 പേർ മരിച്ചതായി റിപ്പോർട്ട്. 400ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച പലർക്കും നേരത്തെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും എന്നാൽ, ചൂട് വർധിച്ചതോടെ നില വഷളാവുകയായിരുന്നെന്നും അധികൃതർ പറയുന്നു. ജൂൺ 15 ന് 23 പേരും ജൂൺ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് യു.പിയിൽ. പലയിടത്തും ഉള്ളത്.. സാധാരണയിൽ നിന്ന് വ്യത്യസ്തമായി അഞ്ച് ഡിഗ്രിയോളം ഉയർന്ന ചൂടാണ് ഉത്തർപ്രദേശിൽ പലയിടത്തും അനുവപ്പെടുന്നത്. ആശുപത്രികൾക്ക് ആവശ്യമായ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.