പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണം തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മനസാ വാചാ അറിയാത്ത കാര്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത് എന്നും തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അതിജീവിത നൽകാത്ത രഹസ്യ മൊഴി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.
പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ഈ ആരോപണം പൂർണമായും സുധാകരൻ തള്ളി. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ സുധാകരൻ ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. തന്നെ കേസിൽ പ്രതിയാക്കുന്നത് സി.പി.എം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഏത് നെറികെട്ട കാര്യത്തിനും സി.പി.എം തയാറാകുമെന്ന് ഇതിലൂടെ മനസിലായതായും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.