ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നു വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്തെ പൂജപ്പുരയിൽ നിന്നും മകളുടെ താമസ സ്ഥലമായ മറയൂരിലേക്ക് അദ്ദേഹം താമസം മാറ്റിയിരുന്നു. മൃതശരീരം തിരുവനന്തപുരത്തു പൂജപ്പുരയിലെ വസതിയിൽ രാത്രിയോടെ എത്തിക്കും. സംസ്കാര ചടങ്ങുകൾ നാളെ തിരുവനന്തപുരത്ത് വെച്ച് നടത്തും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
1970-കളുടെ മധ്യത്തിലാണ് പൂജപ്പുര രവി മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു. 800 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1990 കളിൽ അദ്ദേഹം ടിവി സീരിയലുകളിലും അഭിനയിച്ചു.
മാധവൻ പിള്ളയുടെയും ഭവാനി അമ്മയുടെയും നാല് മക്കളിൽ മൂത്തമകനായി തിരുവനന്തപുരത്താണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവിയുടെ ജനനം. രവീന്ദ്രൻ നായർ എന്നായിരുന്നു യഥാർത്ഥ പേര്. എസ്.എൽ.പുരം സദാനന്ദന്റെ ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിൽ ‘ബീരാൻകുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. അതിനു ശേഷം ‘കലാനിലയം ഡ്രാമാ വിഷൻ’ നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക കൈയടക്കമുണ്ടായിരുന്നു അദ്ദേഹത്തിന്. വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു. ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ ആകർഷിച്ചു. നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്.