സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച വിവരം രാമസിംഹൻ അറിയിച്ചത്. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹൻ പങ്കുവച്ചു. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽനിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു.
ബിജെപിയിൽനിന്നു രാജിവച്ചിട്ട് രണ്ടാഴ്ചയിൽ കൂടുതലായി. അവിടെനിന്നു തന്നെയാണു രാജി വാർത്ത ചോർന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലയെ പ്രകീർത്തിച്ചു കൊണ്ട് രാമസിംഹൻ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റിനു താഴെ കേരളത്തിന്റെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പരിഹാസവും ഉയർത്തിയിരുന്നു. ചിലപ്പോൾ എനിക്കു സുരേന്ദ്രനെ ചീത്ത വിളിക്കേണ്ടി വരും, നേതൃത്വത്തിനെതിരെ പറയേണ്ടി വരും. അങ്ങനെ സത്യം പറയേണ്ടിവരുമ്പോൾ അംഗത്വം ഒരു പ്രശ്നമാണ്. ഇനിയൊരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ല എന്നും അദ്ദേഹം കുറിച്ചു:
‘ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല,
പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക
അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി..
ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല..
രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ…
ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി
അത്രേയുള്ളൂ…
കലഹിക്കേണ്ടപ്പോൾ
മുഖം നോക്കാതെ കലഹിക്കാലോ…
സസ്‌നേഹം
രാമസിംഹൻ
ഹരി ഓം’
പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹൻ നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു.
രാജസേനനും, ഭീമൻ രഘുവിനും പിന്നാലെയാണ് രാമസിംഹൻ അബൂബക്കറും ബിജെപി വിടുന്നത്. 2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു. ജനറൽ ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്.