വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുതിയ കാമ്പയിന് ഷാർജ പോലിസ് തുടക്കം കുറിച്ചു. മൂന്നു മാസക്കാലം നീണ്ടുനിൽക്കുന്ന ‘റിന്യൂ യുവർ വെഹിക്കിൾ’ കാമ്പയിനിൽ കൃത്യസമയത്ത് അറ്റകുറ്റ പണികൾ പൂർത്തിയാക്കി വാഹന രജിസ്ട്രേഷൻ പുതുക്കാൻ ആളുകളെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കൃത്യസമയത്ത് വാഹനങ്ങൾ പുതുക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. മോട്ടോർ ഇൻഷുറൻസ്, വാഹന പരിശോധന, പുതുക്കൽ എന്നിവയ്ക്കായി നടത്തുന്ന മൂന്നുമാസ കാമ്പയിനിൽ പ്രത്യേകഇളവുകളും മറ്റ് സമഗ്ര പാക്കേജും ഉൾപ്പെടുന്നുണ്ട്. നിശ്ചിത സമയത്ത് വാഹന രജിസ്ട്രേഷൻ പുതുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും കാമ്പയിൻ കാലയളവിൽ വിതരണം ചെയ്യും. അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഷാർജ പോലീസ് ട്രാഫിക് ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന ചടങ്ങിൽ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഖാലിദ് അൽ കായ്, ട്രാഫിക് ആൻഡ് ഡ്രഗ്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഒമർ ബുഗാനിം, ഡ്രൈവേഴ്‌സ് ലൈസൻസിങ് വിഭാഗം മേധാവി കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ, വെഹിക്കിൾസ് ലൈസൻസിങ് വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ അബ്ദുൾ റഹ്മാൻ ഖാതർ എന്നിവർ മറ്റ് ഉഗ്യോഗസ്ഥരും പങ്കെടുത്തു.
വാഹനങ്ങൾ സുരക്ഷിതമായി ഓടിക്കാൻ സാങ്കേതിക പരിശോധനയും ഉപഭോക്തൃസേവന കേന്ദ്രങ്ങളും സന്ദർശിക്കാനും വാഹനങ്ങളുടെ രജിസ്ട്രേഷൻ എത്രയും വേഗം പുതുക്കാനും കേണൽ ഖാലിദ് അൽ കായ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തില്‍ താഴെ പഴക്കമുളള വാഹനങ്ങള്‍ക്ക് ഓണ്‍സൈറ്റ് വാഹന പരിശോധനാ സേവനം നല്‍കുന്ന കാര്യം പരിഗണിക്കും. റാഷിദ് സ്മാർട് ആപ്പിലൂടെയോ കോള്‍സെന്‍ററിലൂടെയോ ഓണ്‍സൈറ്റ് പരിശോധനയ്ക്കായി രജിസ്ട്രേഷന്‍ നടത്താമെന്നും വാഹനം പുതുക്കുന്നതിനായി കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും റാഫിഡ് വെഹിക്കിൾ സൊല്യൂഷൻസിലെ അപകട വിഭാഗം ഡയറക്ടർ അബ്ദുൾ റഹ്മാൻ ബിൻ കനുൻ അൽ ഷംസി പറഞ്ഞു.
ഷാർജ എമിറേറ്റിൽ മധ്യകിഴക്കന്‍ മേഖലകളിലായി 18 വാഹന സാങ്കേതിക പരിശോധന കേന്ദ്രങ്ങളുണ്ട്.
2023ന്റെ ആദ്യ പകുതിയില്‍ 2,63,804 വാഹനങ്ങളാണ് പരിശോധിച്ചത്. രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ എണ്ണം 376,033 ആയി. യുഎഇ ട്രാഫിക് ഫെഡറൽ നിയമം അനുസരിച്ച്, കാലാവധി തീർന്ന രജിസ്ട്രേഷനുള്ള വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങൾക്ക് പിഴ അടക്കാൻ വാഹനഉടമകളെ പ്രോത്സാഹിപ്പിക്കാൻ നിരവധി ഇളവുകളും ഷാർജയിൽ പ്രഖ്യാപിച്ചിരുന്നു. 2023 ഏപ്രിൽ 1 മുതൽ, ഗതാഗതനിയമലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ വാഹനമോടിക്കുന്നവർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ വാഹനമോടിക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും.
വേനൽക്കാലത്ത് ഉയർന്ന താപനിലകാരണം വാഹനങ്ങളുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ വരാൻ സാധ്യതയുള്ളതിൽ ബോധവത്കരണം ശക്തമാക്കുന്നതിനും റോഡുകളിലെ വാഹനയാത്രക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് പ്രാധാന്യം നൽകിയുമാണ് ഷാർജ പോലീസ് കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.