അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ അഭിമുഖത്തിന് കെ വിദ്യ വ്യാജരേഖ സമർപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വ്യാജ രേഖാ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഇൻറർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ അധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നൽകും. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതർ ഇന്ന് അട്ടപ്പാടി കോളേജിലെത്തും.
വ്യാജരേഖ ചമച്ച കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നു. വിദ്യ നൽകിയ രേഖകൾ അന്വേഷണസംഘം പരിശോധിക്കും. സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അന്വേഷണം നാളെ ആരംഭിക്കും. രാവിലെ 11 മണിക്ക് കമ്മിറ്റി യോഗം ചേരും. സംവരണ അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കും. പിഎച്ച്ഡി ക്രമക്കേടിൽ അന്വേഷണം വൈകുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.
അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ ജൂൺ രണ്ടിന് അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.