മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ സാവകാശം തേടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് സുധാകരന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഈ മറുപടി പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കും. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും കോഴിക്കോട് വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ടതെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയ കുപ്പായം അഴിച്ച് വയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു. മോന്‍സന്റെ ഇടപാടില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും കണ്ണിന്റെ താഴെയുള്ള കറുപ്പ് മാറ്റാനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് പഠിക്കുകയാണെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഇതിനിടെ കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുന്‍ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു.
വിദേശത്ത് നിന്നെത്തിയ ശതകോടികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാന്‍ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം. വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. 2018 നവംബര്‍ 22 ന് മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വെച്ച് 25 ലക്ഷം രൂപ കൈമാറിയെന്നും അത് സുധാകരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. രേഖാമൂലമാണ് ഇക്കാര്യം പരാതിക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.