ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്. ഭക്ഷ്യ സുരക്ഷയില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പുരസ്കാരം ഏറ്റുവാങ്ങി.
മുന്‍ വര്‍ഷങ്ങളേക്കാൾ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലത്ത് 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19 ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയോളം വളർച്ച ഇക്കുറി കൈവരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയതും 500 ഓളം സ്‌കൂളുകളെ പ്രത്യേകം തെരഞ്ഞെടുത്ത് സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂള്‍ (എസ്എന്‍എഫ്@സ്‌കൂള്‍) എന്ന പദ്ധതി നടപ്പിലാക്കിയതും പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ 3000 ത്തോളം ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ നടപ്പിലാക്കിയതുമാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയില്‍ ഇടം പിടിക്കുന്നതിന് അവസരമൊരുക്കിയത്.