കഴിഞ്ഞ രാത്രി മയക്കുവെടി വെച്ച് പിടികൂടി തിരുനെല്‍വേലിയിൽ തുറന്നുവിടാൻ ശ്രമിക്കുന്നതിനിടെ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ആണ് തീരുമാനം വന്നത്. ചൊവ്വാഴ്ച വനംവകുപ്പിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക.
എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി ഇന്നു പരിഗണിച്ചിരുന്നു. തുടർന്നാണ് ഹർജി നാളെ പരിഗണിക്കുന്നതുവരെ ആനയെ തുറന്നുവിടരുതെന്ന് കോടതി ഉത്തരവിട്ടത്.
രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് അരിക്കൊമ്പന് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. തമിഴ്നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്.
മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചിരുന്നു, പിന്നീട് ഇന്നലെ രാത്രി വീണ്ടും ആണ് കാട്ടിൽ നിന്ന് പുറത്തിയിറങ്ങിയതോടെയാണ് തമിഴ്‌നാട് പിടികൂടാൻ തീരുമാനിച്ചത്.