പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ അപകടം നടന്ന ഒഡീഷയിലെ ബാലസോർ സന്ദർശിച്ചു. അപകടസ്ഥലം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി. ഒഡിഷ ട്രെയിൻ അപകടം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ നരേന്ദ്ര മോദി, അപകടത്തില്‍ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണ്, ദുരന്തത്തെ നേരിടാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്, കുറ്റക്കാരെന്ന് കണ്ടെത്തുന്നവർ കർശനമായി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മരണമടഞ്ഞ കുടുംബങ്ങൾക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരിതബാധിതർക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒപ്പം ട്രെയിൻ അപകടം നടന്ന സ്ഥലം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും സന്ദർശിച്ചിരുന്നു. സംഭവത്തെ ‘ദുരന്തപൂർണം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) എന്നിവയ്‌ക്കൊപ്പം സംസ്ഥാന സർക്കാരും ഇന്ത്യൻ സൈന്യവും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
ഇന്നലെയാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം ഒഡിഷയിലെ ബാലസോരിൽ സംഭവിച്ചത്. 280 അധികം ആളുകൾ മരണമടഞ്ഞതായാണ് കണക്കാക്കുന്നത് . എന്നാൽ അപകടത്തില്‍പ്പെട്ട് 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് കാരണം ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയിൽ ഇടിച്ച് കയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തെറ്റായ സിഗ്നലാകാം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാൻ കാരണമായത് എന്നാണ് നിഗമനം. ചരക്കുവണ്ടിയുമായി ഇടിച്ച് പാളം തെറ്റിയ കോറമണ്ഡലിന്റെ നാല് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.